Sports
കോൽക്കത്ത: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യന്മാരെന്ന ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കൻ ടീം നാളെ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ വസന്തം വിരിയിക്കാനിറങ്ങും. ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് കളിക്കാത്ത എട്ട് താരങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവെന്നതുകൊണ്ട് ശ്രദ്ധനേടിയ പരന്പരയിൽ പ്രോട്ടീസ് പെരുമകാട്ടുമോ എന്നാണ് സുപ്രധാന ചോദ്യം. മികച്ച ഫോമിലുള്ള ഇന്ത്യൻ നിരയ്ക്കെതിരേ പ്രോട്ടീസ് യുവ സംഘത്തിന്റെ പ്രകടനം നിർണായകമാകും.
2000നു ശേഷം ഇന്ത്യയിൽ പരന്പര നേട്ടമില്ലാത്ത ദക്ഷിണാഫ്രിക്ക കൈയെത്തും ദൂരത്ത് കപ്പ് നഷ്ടപ്പെടുന്ന ദുർവിധി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി മറികടന്നതുപോലെ ഇന്ത്യൻ മണ്ണിൽ കരുത്തുകാട്ടുമോ എന്നതാണ് കാണേണ്ടത്. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരന്പരയിലെ ആദ്യ മത്സരത്തിനാണ് നാളെ തുടക്കമാകുന്നത്.
കരുത്തരാണ്
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരിചയസന്പത്തില്ലാത്ത എട്ട് താരങ്ങളടങ്ങുന്ന സംഘമാണെങ്കിലും ദക്ഷിണാഫ്രിക്കയെ എഴുതിത്തള്ളാൻ സാധിക്കില്ല. 15 അംഗ ടീമിൽ ക്യാപ്റ്റൻ തെംബ ബൗമ, ഓപ്പണർ എയ്ഡൻ മാക്രം, പേസർ കഗിസോ റബാഡ എന്നിവർക്കാണ് ഇന്ത്യയിൽ മത്സരപരിചയമുള്ളത്. ബാറ്റർ സുബൈയ്ർ ഹംസ, സ്പിന്നർ സെനുറാൻ മുത്തുസാമി എന്നിവർ 2019ലെ പര്യടനത്തിലും സിമോണ്‍ ഹാർമർ 2015ലെ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ എ ടീമിലുണ്ടായിരുന്നു.
പരിചിതരല്ല
ഓപ്പണർമാരായ റയാൻ റിക്കിൾട്ടണ്, ടോണി ഡി. സോർസി, മധ്യനിര ബാറ്റർ ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൺ സ്റ്റബ്സ്, സ്പിന്നർ കെയ്ൽ വെറെയ്ൻ, ഓൾറൗണ്ടർ വിയാൻ മൾഡർ, പേസർമാരായ മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നിവരാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് കളിക്കാത്ത താരങ്ങൾ. റിക്കിൾട്ടനും ബ്രെവിസും ഐപിഎൽ മത്സരങ്ങളിലൂടെ ഇന്ത്യൻ സാഹചര്യം അറിഞ്ഞവരാണ്. ഐപിഎല്ലിൽ റിക്കിൾട്ടൻ മുംബൈ ഇന്ത്യൻസ് താരവും ബ്രെവിസ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗവുമാണ്. പാക്കിസ്ഥാനെതിരായ പരന്പരയോടെ ഫോമിലേക്ക് മടങ്ങിയെത്താനും റിക്കിൾട്ടണ് സാധിച്ചു.
ചില്ലറക്കാരല്ല!
ഇന്ത്യൻ മണ്ണിൽ പരിചയസന്പത്തില്ലെങ്കിലും മികവിൽ മുന്നിലാണ് ഈ എട്ട് താരങ്ങളും. പാക്കിസ്ഥാനെതിരേ നടന്ന അവസാന പരന്പരയിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ താരമാണ് ടോണി സോർസി. ടോപ്- മിഡിൽ ഓർഡറിൽ മികവ് പുലർത്തുന്ന സ്റ്റബ്സ് മുതൽക്കൂട്ടാണ്. ഐപിഎൽ മത്സരപരിചയവും താരത്തിനുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്റർ വെറെയ്ന്റെ മിന്നും ഫോം കരുത്താകും. നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും വെറെയ്നുണ്ട്. പേസാക്രമണത്തിൽ റബാഡയ്ക്ക് പിന്തുണയുമായി മാർകോ യാൻസനും കോർബിൻ ബോഷും. ഇരുവരും മികവുള്ള ബൗളർമാർ. പരിചയസന്പന്നനായ സ്പിന്നർ കേശവ് മഹാരാജിന്റെ ഫോം നിർണായകമാകും.
അതേസമയം, 2015, 2019 വർഷങ്ങളിൽ ഇന്ത്യൻ പര്യടനം നടത്തിയപ്പോൾ പരാജയപ്പെട്ട ടീമല്ല നിലവിലെ ദക്ഷിണാഫ്രിക്ക. തെംബ ബൗമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളാണ്. മാത്രമല്ല, 2023ൽ ഷുക്രി കോണ്‍റാഡ് കോച്ചായതിനുശേഷം ഇതുവരെ ഒരു പരന്പരയിൽപോലും ദക്ഷിണാഫ്രിക്ക തോൽവി അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.